സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ കടയ്ക്കുള്ളിൽ വലിച്ചുകയറ്റി പീഡനം… 73കാരന്….

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലംപ്രയോഗിച്ച് കടയ്ക്കുള്ളിൽ വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15ൽ ശശിധരൻ (73) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിൽ ലോട്ടറിക്കട നടത്തുന്ന പ്രതി ബലംപ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി വാതിലടച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് കുട്ടിയെ പുറത്തേക്ക് വിട്ടു. സ്കൂളിലെത്തിയ കുട്ടി ഭയന്നുവിറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. കേസിൽ 19 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ അരുവിക്കര പൊലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.



