ആംബുലൻസ് സര്‍വീസ് മറയാക്കി കഞ്ചാവ് കടത്ത്….തിരുവനന്തപുരത്ത് യുവാവ് പിടിയിൽ….

തിരുവനന്തപുരം: ആംബുലൻസ് സർവീസിനൊപ്പം കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ പിടികൂടി.കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ് അഭിജിത്ത് (23) ആണ് അറസ്റ്റിലായത്. വൈകിട്ട് വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിൽ വച്ചായിരുന്നു പിടിയിലായത്. ആംബുലൻസ് ഓട്ടം മറയാക്കി കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. രാവിലെ മുതൽ നിരീക്ഷിച്ച ശേഷമാണ് വൈകിട്ടോടെ പിടികൂടിയത്. ഫോർട്ട് എസി പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറുകയായിരുന്നു. ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.



