വിളിച്ചാൽ ഫോണെടുക്കണം, ഇല്ലെങ്കിൽ തിരിച്ചുവിളിക്കണം… വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക്….

പത്തനംതിട്ട: ഫോൺ വിളിച്ചാൽ എടുക്കാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മോൻസ് ജോസഫ്. പത്തനംതിട്ടയിൽ നടന്ന ശബരിമല അവലോകന യോഗത്തിനിടെയാണ് മന്ത്രിയുടെ ശകാരം. ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ലെന്ന പരാതി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചതോടെയാണ് മന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ നിർബന്ധമായും ഫോൺ എടുക്കണം.

ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവിളിച്ച് മറുപടി നൽകണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളമൊട്ടാകെ സമാനമായ അവസ്ഥയാണെന്നും മോൻസ് ജോസഫ് പറഞ്ഞു. ഉത്തരവാദിത്തമില്ലാതെയും ജനങ്ങളോട് നീതി പുലർത്താതെയും വാട്ടർ അതോറിറ്റിയിലെ ഭൂരിഭാഗം ജീവനക്കാരും പ്രവർത്തിക്കുന്നുവെന്നാണ് പരാതികൾ സൂചിപ്പിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. യൂണിയനുകളുടെ സംരക്ഷണത്തിലാണ് ഇത്തരം പ്രവണതകൾ നടക്കുന്നതെങ്കിൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ പരാതികൾക്ക് മറുപടി നൽകുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Related Articles

Back to top button