യോഗ്യരായ വിതരണക്കാരില്ല…. ശബരിമലയിലെ നെയ്യ് ടെന്ഡര് ഇത്തവണയും…

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാർ ഇത്തവണയും മിൽമയ്ക്ക് ലഭിച്ചേക്കും. നെയ്യ് വാങ്ങുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രണ്ടുതവണ റീടെൻഡർ നടത്തിയിട്ടും യോഗ്യരായ വിതരണക്കാരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മിൽമയ്ക്ക് സാധ്യത തെളിയുന്നത്. 50,000 ലീറ്റർ നെയ്യ് ആവശ്യപ്പെട്ട് ക്ഷണിച്ച ടെൻഡറിൽ മിൽമ ഇത്തവണ പങ്കെടുത്തിരുന്നില്ല. എന്നാൽ ദേവസ്വം ബോർഡ് ഭരണസമിതിയും മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭാരവാഹികളും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്.
വില അന്തിമമാക്കുന്നതിനായി മിൽമ ഭാരവാഹികളുമായി ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചർച്ച നടത്തും. സർക്കാർ ഏജൻസിയെന്ന നിലയിൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനാണ് താൽപര്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. കഴിഞ്ഞ തവണ മിൽമയുടെ പേരിൽ സന്നിധാനത്തേക്ക് വ്യാജ നെയ്യ് എത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും വിതരണ കരാറിലേക്ക് മിൽമയുടെ പേര് ഉയരുന്നത്. ശബരിമലയിലെ നെയ്യ് വിതരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് സർക്കാർ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിനെ തുടർന്ന് എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ കഴിഞ്ഞദിവസം വീണ്ടും ചുമതലയേറ്റിരുന്നു. പിന്നാലെയാണ് നെയ്യ് വിതരണത്തിൽ താൽപര്യം അറിയിച്ചത്.
മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ കരാറുകാരനാണ് തിരിമറി നടത്തിയതെന്നാണ് മിൽമ അധികൃതരുടെ വിശദീകരണം. അതേസമയം, ശബരിമല മണ്ഡലകാല–മകരവിളക്ക് തീർഥാടനത്തിനുള്ള അന്തിമവട്ട ഒരുക്കങ്ങൾ ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം വിലയിരുത്തും. മരാമത്ത് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കാൻ നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്നാണ് ദേവസ്വം ബോർഡിന്റെ അവകാശവാദമെങ്കിലും സന്നിധാനത്തും നിലയ്ക്കലിലും ഉൾപ്പെടെ ഒരാഴ്ച കൂടി നീളുന്ന ജോലികൾ ബാക്കിയുണ്ട്. അരവണയുടെ കരുതൽ ശേഖരവും യോഗം വിലയിരുത്തും. തീർഥാടന കാലത്തേക്കുള്ള ഉദ്യോഗസ്ഥ വിന്യാസവും ഇന്ന് അന്തിമമാക്കും. മണ്ഡലകാല ഒരുക്കങ്ങൾ സംബന്ധിച്ച അവലോകന റിപ്പോർട്ട് യോഗത്തിനുശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.



