ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്തു… വിദ്യാർഥിനിയെ രാത്രിയിൽ കെഎസ്ആർടിസി ഇറക്കിവിട്ടത് ആലപ്പുഴയിൽ…

ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത ബികോം ഒന്നാംവർഷ വിദ്യാർഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. പന്തളം സ്വദേശിനിക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ദുരനുഭവമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. നവംബർ ഏഴിന് രാത്രി 8.30ഓടെ ആർപിസി 332 നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോഴാണ് സർവീസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിട്ടത്. ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ യാത്രാസൗകര്യമൊന്നും ഒരുക്കിയില്ലെന്നാണ് പരാതി.

തുടർന്ന് ആലപ്പുഴ ബസ് സ്റ്റാൻഡിൽ പെൺകുട്ടി രണ്ടുമണിക്കൂറോളം ഒറ്റയ്ക്ക് കാത്തുനിന്നു. ഒടുവിൽ വിവരമറിഞ്ഞെത്തിയ മാതാപിതാക്കളാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുടുംബം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുപിന്നാലെ ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. പിറ്റേദിവസം രാവിലെ പത്തിന് എത്താനായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടിയെന്നും കുടുംബം പറയുന്നു. സംഭവമറിഞ്ഞ പന്തളത്തെ ഒരു പൊതുപ്രവർത്തകൻ ബസ് ചേർത്തല ഡിപ്പോയുടേതാണെന്ന് കണ്ടെത്തി അവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ടു. റോഡിലെ തിരക്കുമൂലമാണ് സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ചതെന്നും ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും ജീവനക്കാർ മടങ്ങിയെന്നുമായിരുന്നു ആദ്യ വിശദീകരണം. എന്നാൽ വിദ്യാർഥിനിയെ പാതിവഴിയിൽ ഇറക്കിവിട്ട നടപടി ചോദ്യം ചെയ്തതോടെ ബസിന് തകരാർ സംഭവിച്ചെന്ന വിശദീകരണമാണ് പിന്നീട് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു.

വിശദീകരണങ്ങളിലെ വൈരുധ്യം പരിശോധിക്കണമെന്നും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ സ്വീകരിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തി. ടിക്കറ്റ് തുക ഈടാക്കിയശേഷം യാത്രക്കാരിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ സർവീസ് അവസാനിപ്പിച്ചത് ഗുരുതരമായ അനാസ്ഥയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാനസിക ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകൾക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Related Articles

Back to top button