വിദ്യാർഥിയുടെ നാക്ക് വടിപ്പിച്ച സംഭവം… പ്രധാനാധ്യാപികയ്ക്കെതിരെ ആരോപണവുമായി അധ്യാപകൻ

തിരുവനന്തപുരം: ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് ദളിത് വിദ്യാർഥിയുടെ നാക്ക് അധ്യാപകൻ പരസ്യമായി വടിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ തേവലക്കാട് SNUP സ്കൂളിൽ പുതിയ വിവാദം. സസ്പെൻഷനിലായ അധ്യാപകൻ ആകർഷ് പ്രധാനാധ്യാപികയ്ക്കെതിരെ ഹാജർ പട്ടികയിൽ കൃത്രിമം നടത്താൻ ശ്രമിച്ചെന്ന ആരോപണവുമായി രംഗത്തെത്തി. സ്കൂളിൽ തുടർച്ചയായി അവധിയിലുള്ള വിദ്യാർഥിക്ക് പോലും പ്രധാനാധ്യാപിക ഹാജർ രേഖപ്പെടുത്തുന്നുവെന്നാണ് അധ്യാപകന്റെ ആക്ഷേപം.
തനിക്കെതിരായ സസ്പെൻഷൻ നടപടി വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നും അധ്യാപകൻ ആരോപിച്ചു. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സംഭവം അന്വേഷിച്ചേക്കും. അതേസമയം, വിദ്യാർഥിയുടെ നാക്ക് വടിപ്പിച്ച സംഭവത്തിൽ അധ്യാപകന് ജാഗ്രതക്കുറവുണ്ടായെന്നാണ് എഇഒയുടെ റിപ്പോർട്ടിലെ പരാമർശം. പ്രധാനാധ്യാപികയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിദ്യാർഥിയോടുള്ള ക്രൂരത പുറത്തുപറഞ്ഞതിന്റെ പേരിലാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്നാണ് പ്രധാനാധ്യാപികയുടെ മറുപടി. സ്കൂളിലെ ആഭ്യന്തര പ്രശ്നങ്ങൾ വിദ്യാഭ്യാസ സ്ഥാപനത്തിന് ഭൂഷണമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സംഭവത്തിൽ കല്ലമ്പലം പൊലീസും അന്വേഷണം നടത്തിയേക്കും.




