ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം… കരാറുകാരന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായക നീക്കം. കേസിൽ പരാതിക്കാരനായ കരാറുകാരൻ വി.ഒ. സാജന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. 2007ലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചതുമായി ബന്ധപ്പെട്ടതടക്കമുള്ള തെളിവുകൾ കൈമാറിയെന്ന് വി.ഒ. സാജൻ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നിലച്ച മട്ടിലായിരിക്കെയാണ് KSTP പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ. സാജൻ പരാതി നൽകിയത്. ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞുവെച്ചതായി ലീ.സീ ബീൻ മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു സാജന്റെ പരാതി.
സാജന്റെ പരാതിയിൽ നിയമോപദേശം ലഭിച്ചതോടെയാണ് വിജിലൻസ് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഇന്ന് കേസുമായി ബന്ധപ്പെട്ട ആദ്യ മൊഴിയെടുപ്പ് നടന്നു. മുൻ അന്വേഷണ സംഘം ഗ്യാനേഷ് കുമാറിന് അനുകൂലമായ മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയതെന്നും സാജൻ ആരോപിച്ചു. രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ബില്ലുകൾ തടഞ്ഞുവെച്ചിരുന്നുവെന്നും ഇതുമൂലം കടുത്ത മാനസിക സമ്മർദം നേരിടുന്നതായി ലീ.സീ ബീൻ തന്നോട് പറഞ്ഞിരുന്നുവെന്നും സാജൻ മൊഴി നൽകിയതായാണ് വിവരം. ഇക്കാര്യം മറ്റ് ജീവനക്കാർക്കും അറിയാമായിരുന്നുവെന്നും സാജൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. വി.ഒ. സാജൻ കൈമാറിയ വിവരങ്ങളും തെളിവുകളും വിശദമായി പരിശോധിക്കാനാണ് വിജിലൻസിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.




