യൂത്ത് ലീഗ് റാലിയിലെ ഗതാഗതക്കുരുക്ക്… നടപടിയെ ന്യായീകരിച്ച് മന്ത്രിമാർ

കൊച്ചി: കൊച്ചിയിൽ ഗതാഗതം തടസ്സപ്പെടുത്തി യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും. റാലിയുടെ റൂട്ട് മാറ്റി ഗതാഗതക്കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാർഹമാണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു. റാലി മാറ്റാൻ തയ്യാറായ യൂത്ത് ലീഗിന്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുസമയത്തേക്കല്ലേ ഗതാഗത തടസ്സമുണ്ടായുള്ളൂവെന്നും റാലി കലൂരിലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമായിരുന്നില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

കേസെടുത്തതിൽ കാര്യമില്ലെന്നായിരുന്നു വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. റാലിയുടെ ഉദ്ദേശശുദ്ധിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈൻഡ്രൈവിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ് വൻ ജാഥ സംഘടിപ്പിച്ചത്. ബോൾഗാട്ടി ജങ്ഷൻ മുതൽ മറൈൻഡ്രൈവ് വരെയായിരുന്നു ജാഥ. റോഡ് പൂർണമായും തടസ്സപ്പെടുത്തിയായിരുന്നു പ്രവർത്തകരുടെ യാത്ര. ഇതിനിടെ ജാഥയെ ചോദ്യം ചെയ്തവർക്കുനേരെ ആക്രമണമുണ്ടായതായും ഗതാഗതക്കുരുക്കിൽപ്പെട്ട് ഹോൺ മുഴക്കിയവരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

സംഭവത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ, സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെ 12 നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കേസിൽ പ്രതിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ജിഷാൻ, കേസ് തങ്ങൾക്ക് പുത്തരിയല്ലെന്നും മുൻകൂട്ടി അറിയിച്ചിട്ടും ഗതാഗത നിയന്ത്രണം നടപ്പാക്കാൻ കഴിയാത്ത പൊലീസാണ് കുറ്റക്കാരെന്നുമാണ് പ്രതികരിച്ചത്. അതേസമയം, ഭാഗികമായി ഗതാഗതം അനുവദിച്ചുകൊണ്ട് ജാഥ നടത്താനാണ് അനുമതി നൽകിയിരുന്നതെന്നും നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തകർ റോഡ് പൂർണമായി തടസ്സപ്പെടുത്തിയതോടെയാണ് കേസെടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Related Articles

Back to top button