ഒന്നൊഴിയാതെ വിവാദങ്ങൾ; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തുടർവിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ വെട്ടിലാക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഉദ്യോഗസ്ഥ യോഗമാണിത്. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതേത്തുടർന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന നടപടിയുണ്ടായത്. കൂട്ട സ്ഥലംമാറ്റത്തിൽ ചില ഉദ്യോഗസ്ഥർക്ക് അതൃപ്തിയും ഉണ്ടായിരുന്നു. അക്കാര്യവും യോഗത്തിൽ ചർച്ചയായേക്കും.



