ദീപാവലി ആഘോഷത്തിനിടെ റീൽസ് എടുക്കുന്നത് ചോദ്യം ചെയ്തു… പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുകൊന്നു

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ റോഡ് തടഞ്ഞ് പടക്കം പൊട്ടിച്ചതും സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ചതും ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ യുവാക്കളുടെ സംഘം മർദ്ദിച്ചുകൊന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടോടെ തേനി ജില്ലയിലെ സമധർമ്മപുരത്തായിരുന്നു സംഭവം.

ഒരു സംഘം യുവാക്കൾ പൊതുവഴി തടസ്സപ്പെടുത്തി റോഡിൽ പടക്കം പൊട്ടിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്തിൽ കുമാർ സ്ഥലത്തെത്തി യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്തു. ഇതോടെ യുവാക്കളും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം സെന്തിൽ കുമാറിനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സെന്തിൽ കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് തേനി എസ്.പി. പ്രവീൺ ഗൗതം അറിയിച്ചു. അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിന്റെ കൃത്യമായ ക്രമം കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സമധർമ്മപുരത്ത് രാത്രിയിലുടനീളം അധിക പോലീസ് സേനയെ വിന്യസിച്ചിരുന്നു.

Related Articles

Back to top button