പെരുമ്പാവൂരിൽ മൂന്ന് വയസ്സുകാരന്റെ മരണം… പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ… രണ്ടാനച്ഛൻ…

കളമശ്ശേരി: പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുകാരനായ മകന്റെ മരണത്തിൽ ദുരൂഹതയേറുന്നു. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തിയതായും അതിക്രൂരമായ മർദനത്തിന് ഇരയായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി സൂചന. കുട്ടിയെ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനും അസം സ്വദേശിയുമായ മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് മഹേശ്വറിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനായ ബിറ്റുപാനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പോലീസ് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കട്ടപിടിച്ച പാടുകൾ കണ്ടെത്തിയത്. വീടിന്റെ മുകളിൽനിന്ന് വീണാണ് പരിക്കേറ്റതെന്ന മൊഴി മഹേശ്വർ ആവർത്തിച്ചെങ്കിലും പോലീസിന് സംശയം തോന്നി. തുടർന്ന് വീടിന് സമീപത്തുള്ളവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. മഹേശ്വർ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മയും അയൽവാസികളും മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വല്ലത്തെ കെ.കെ. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വർ. ഭാര്യയുടെ ആദ്യവിവാഹത്തിലെ രണ്ട് കുട്ടികൾക്കൊപ്പമാണ് ഇയാൾ വല്ലത്തെ വാടകമുറിയിൽ താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് ആറു വയസ്സുള്ള പെൺകുട്ടിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button