സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ബാറിലേക്ക് പോകുന്നതിന്റെ….

മീനങ്ങാടി: സ്കൂൾ വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാറിൽ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പി.ടി.എ. പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചെന്ന ആരോപണത്തിന് പിന്നാലെ സി.സി.ടി.വി. ദൃശ്യങ്ങളും ബില്ലിന്റെ വിവരങ്ങളും പുറത്തുവന്നു. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റെസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ചെത്തി മദ്യപിച്ചതായാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മദ്യപാനത്തിനായി ചിലവായ 1,100 രൂപയുടെ ബിൽ പി.ടി.എ. പ്രസിഡന്റ് സ്വന്തം അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡ് ഉപയോഗിച്ച് അടച്ചതായും വിവരമുണ്ട്.

ബാറിന് എതിർവശത്തുള്ള ഹൈലൈറ്റ് ഹോട്ടലിലായിരുന്നു വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർഥികളിൽ പകുതിയോളം പേർ താമസിച്ചിരുന്നത്. ഉച്ചസമയത്ത് പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ബാറിലേക്ക് കയറിപ്പോകുന്നത് ചില വിദ്യാർഥികൾ കണ്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നത്. അതേസമയം, മദ്യപാന ആരോപണത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷിവി കൃഷ്ണ നൽകിയ പരാതിയിലായിരുന്നു നടപടി. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർഥികൾ സ്കൂളിൽ പഠിപ്പുമുടക്കി സമരം തുടരുന്നതിനിടെയാണ് ട്രിബ്യൂണലിന്റെ ഇടപെടൽ.

നേരത്തെ, മദ്യപാന ആരോപണത്തിൽ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചതായി കണ്ടെത്താനായിരുന്നില്ല. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആർ.ഡി.ഡി.യുടെ അനുമതിയില്ലാതെ യാത്ര നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

Related Articles

Back to top button