എൽപിഎസ്ടി സമരം 122 ദിവസത്തിലേക്ക്… നാളെ മുതൽ സിജെപി പ്രവർത്തകരുടെ…

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) ഉദ്യോഗാർഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾക്ക് നീതി ലഭ്യമാക്കണമെന്നും നിയമന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുള്ള സമരം 122 ദിവസത്തിലേക്ക് കടന്നു. സമരസമിതി സെക്രട്ടറി വളർമതിയുടെ നിരാഹാര സമരം പത്താം ദിവസവും തുടരുകയാണ്. ഇതിനിടയിലാണ് സമരത്തിന് പിന്തുണയുമായി സി.ജെ.പി (CJP) പ്രവർത്തകരും രംഗത്തെത്തിയത്.
നാളെ മുതൽ സമരപ്പന്തലിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിക്കും. സി.ജെ.പി സൗത്ത് ഹെൽത്ത് കോർഡിനേറ്റർമാരായ ഫിറോസ് ഖാൻ, സനൂപ് എന്നിവരാണ് കേരള ഘടകത്തിന്റെ പിന്തുണയോടെ നിരാഹാരമിരിക്കുന്നത്. നേരത്തെ ഡിവൈഎഫ്ഐ, എഐഎസ്എ, യുവമോർച്ച, എബിവിപി, എസ്യുസിഐ തുടങ്ങിയ യുവജന സംഘടനകളും, അധ്യാപക സംഘടനയായ കെഎസ്ടിഎയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. വിവിധ സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചതോടെ സമരം കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. അതേസമയം, ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാർഥി അനുപാദം കുറയ്ക്കാൻ ആകില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ തുടരുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ മുൻപ് നൽകിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും സമരപ്പന്തലിൽ പ്രദർശിപ്പിച്ചുകൊണ്ട് ഉദ്യോഗാർഥികൾ കഴിഞ്ഞദിവസം ‘ചലോകേരള മാർച്ച്’ സംഘടിപ്പിച്ചിരുന്നു.



