ട്രംപിനെ വധിക്കുമെന്ന് ഭീഷണി; ടെഹ്റാനിൽ കൂറ്റൻ ബിൽബോർഡുകളും ബാനറുകളും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പരസ്യമായ വധഭീഷണിയുമായി ഇറാൻ. ട്രംപിനെ വധിക്കുമെന്ന മുന്നറിയിപ്പുകൾ ഉൾപ്പെടുത്തിയ കൂറ്റൻ ബിൽബോർഡുകളും ബാനറുകളും തലസ്ഥാനമായ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. തിരക്കേറിയ എങ്കെലാബ് സ്ക്വയറിൽ സ്ഥാപിച്ച ബിൽബോർഡാണ് ഇതിൽ ശ്രദ്ധേയമായത്. തലകുനിച്ച് അഴിക്കുള്ളിൽ നിൽക്കുന്ന ട്രംപിന്റെ ചിത്രത്തോടൊപ്പം ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന സന്ദേശവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു ബിൽബോർഡിൽ ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെയും പരിഹാസരൂപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. കീറിയ യുഎസ്, ഇസ്രയേൽ പതാകകളുടെ പശ്ചാത്തലത്തിൽ മുഖത്ത് രക്തമൊലിക്കുന്നതും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചതുമായ നിലയിലാണ് ഇവരുടെ ചിത്രങ്ങൾ.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേരാണ് എങ്കെലാബ് സ്ക്വയറിൽ ഒത്തുകൂടിയത്. ചുവന്ന പതാകകൾ വീശിയും ‘രക്തച്ചൊരിച്ചിലുണ്ടാകും’ എന്നെഴുതിയ ബാനറുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.




