മുളകുപൊടിയും വടിവാളുമായി ആക്രമണത്തിനെത്തി… മർദ്ദനമേറ്റ് യുവാവ് മരിച്ചു… മറ്റൊരാള്‍ക്ക്…

ചിറ്റൂർ: പാലക്കാട് ചിറ്റൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ സംഘം ചേര്‍ന്നുള്ള മർദ്ദനത്തിനിടെ യുവാവ് മരിച്ചു. മറ്റൊരാൾക്കു വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകരപ്പതി പരിശിക്കൽ എരുമക്കാര വീട്ടിൽ ജെ. ജയിംസ് രാജ്കുമാറാണ് (38) മരിച്ചത്. തലയ്ക്ക് അടിയേറ്റതാണു മരണകാരണമെന്നു പ്രാഥമികവിവരമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. ജയിംസിന്റെ വെട്ടേറ്റു പരിക്കേറ്റ ബന്ധുവായ വടകരപ്പതി വലിയ കള്ളിയമ്പാറ ജെ. ജോണി പ്രവീണിനെ (35) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പ്രവീണിന്റെ സുഹൃത്തും ജയിംസുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജയിംസും പിതൃസഹോദരിയുടെ മകനായ പ്രവീണും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. രാത്രിയോടെ പരിശിക്കലുള്ള വീട്ടിലെത്തിയ ജയിംസ് വടിവാളും മുളകുപൊടി കലക്കിയ വെള്ളം നിറച്ച കുപ്പിയുമായി പ്രവീണിന്റെ വീട്ടിലേക്കു പോകുകയായിരുന്നു. വടിവാളുമായി ജയിംസ് വരുന്നുണ്ടെന്നും പുറത്തിറങ്ങരുതെന്നും ജയിംസിന്റെ അമ്മ പ്രവീണിനെ ഫോണിലൂടെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രവീൺ തന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രവീണിന്റെ വീട്ടിലെത്തിയ ജയിംസ് പ്രവീണിന്റെയും ഭാര്യയുടെയും മുഖത്ത് മുളകുപൊടി കലക്കിയ വെള്ളമൊഴിക്കുകയും വടിവാളുകൊണ്ടു പ്രവീണിനെ വെട്ടുകയും ചെയ്തു. ഇതിനിടെ പ്രവീണിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരിൽ ചിലരും ചേർന്നു ജയിംസിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ് അവശനിലയിലായ ജയിംസിനെയും കൂടെയുണ്ടായിരുന്ന മക്കളെയും അമ്മയെയും പൊലീസ് ജീപ്പിൽ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴരയോടെ മരണം സംഭവിക്കുകയായിരുന്നു. തിരുപ്പൂരിൽ പെയിന്റിങ് തൊഴിലാളിയായ ജയിംസ് മാസത്തിലൊരിക്കലാണു നാട്ടിലെത്താറുള്ളത്. ജയിംസിന്റെ 3 മക്കൾ അമ്മയ്ക്കൊപ്പമാണ് താമസം. സംഭവസ്ഥലത്തു നിന്നു വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും മുളകുപൊടി വെള്ളവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജയിംസിന്റെ ബൈക്കും തകർന്ന നിലയിലാണ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും സിഐ എസ്. രജീഷ് അറിയിച്ചു.



