സമസ്തയുടെ മുതിർന്ന നേതാവ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് 5.20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായിരുന്ന തങ്ങൾ സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു.

ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദിൽ ഖത്വീബായിരുന്ന അദ്ദേഹം, കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്‌മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായി 1938ലാണ് ജനനം. കൊയിലാണ്ടിയിലെ വീടിനടുത്തുള്ള മാപ്പിള സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1950ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ ചേർന്നു. കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനത്തിനു ശേഷം 1965ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനത്തിന് പ്രവേശിച്ചു. അഞ്ചുവർഷം ജാമിഅ നൂരിയ്യയിൽ പഠിച്ച തങ്ങൾ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡന്റായിരുന്നു. ജാമിഅ നൂരിയ്യയിൽനിന്ന് അൽ മുനീർ മാസിക പുറത്തിറക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ, പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ എന്നിവർ പഠനകാലത്തെ സഹപാഠികളായിരുന്നു. ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ, കുട്ടി മുഹമ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രധാന ഗുരുനാഥന്മാരായിരുന്നു. മത-വിദ്യാഭ്യാസ മേഖലകളിലും സമസ്തയുടെ സംഘടനാ പ്രവർത്തനങ്ങളിലും ദീർഘകാലം സജീവമായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം കേരളത്തിലെ സുന്നി സമൂഹത്തിന് വലിയ നഷ്ടമാണ്.

Related Articles

Back to top button