‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്’; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്..

രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വിദേശ സഹായ ആരോപണങ്ങളെച്ചൊല്ലി രൂക്ഷമായ വാക്‌പോര്. പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിദേശ സഹായത്തോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയതെന്നും ആ സ്ഥാനത്ത് തുടരുന്നതെന്നും ആരോപിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ പരസ്യ സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് എക്‌സിലെ കുറിപ്പിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ‘മിസ്റ്റർ മോദി, ഈ രാജ്യത്തോടു കള്ളം പറയുന്നത് നിർത്തൂ. വിദേശ സഹായം കൊണ്ടാണ് താങ്കൾ പ്രധാനമന്ത്രിയായത്. വിദേശ സഹായം കൊണ്ടുതന്നെയാണ് ആ പദവിയിൽ തുടരുന്നതും. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ്. വിദേശ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നുണ്ട്. ഏതു വേദിയിലും ഏതു സമയത്തും ഇതിനെക്കുറിച്ച് പരസ്യ സംവാദത്തിന് ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കിൽ വരൂ. താങ്കളെക്കുറിച്ചുള്ള എന്റെ അറിവിൽ ഭയമുള്ളതിനാൽ താങ്കൾ അതിന് മുതിരില്ല’ -രാഹുൽ കുറിച്ചു.

Related Articles

Back to top button