മോദി അധികാരത്തിലെത്തിയതും തുടരുന്നതും വിദേശ സഹായത്തോടെ… രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതും ഭരണത്തിൽ തുടരുന്നതും വിദേശ സഹായത്തോടെയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തോട് നുണ പറയുന്നത് മോദി അവസാനിപ്പിക്കണമെന്നും ഏത് സമയത്തും ഏത് വേദിയിലും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ വെല്ലുവിളി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിൽ നടന്ന ഏകതാ ദിവസ് ചടങ്ങിൽ രാജ്യത്തിനെതിരെ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
സാമൂഹികമാധ്യമ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെയും ഫണ്ടിങ് സംവിധാനത്തെയും പിന്തുണയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വിദേശ ശക്തികളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദേശ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ മോദിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദിയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും അതുകൊണ്ടുതന്നെ പ്രധാനമന്ത്രി സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യപ്പെടില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.




