രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് വെട്ടി, മഹാറാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല… അതൃപ്തിയുമായി…

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന സമരപരിപാടികളിൽ മുസ്‌ലിം ലീഗിനെ അവഗണിക്കുന്നുവെന്ന പരാതിയിൽ കോൺഗ്രസ് നേതൃത്വത്തോട് കടുത്ത അതൃപ്തിയുമായി ലീഗ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകാൻ പോയ സംഘത്തിൽ നിന്ന് അവസാന നിമിഷം ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ പേര് ഒഴിവാക്കിയതും രാംലീല മൈതാനിയിൽ നടന്ന മഹാറാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതുമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ പരിപാടികളിൽ മുസ്‌ലിം ലീഗ് എംപിമാരും പ്രവർത്തകരും സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോയ സംഘത്തിൽ ആദ്യം ലീഗിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ അതൃപ്തിയറിയിച്ചതിനെത്തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് പിന്നീട് പതിനൊന്നാമതായി ഉൾപ്പെടുത്തിയെന്നാണ് വിവരം. നിവേദക സംഘത്തോടൊപ്പം ഇ.ടി. മുഹമ്മദ് ബഷീറും രാഷ്ട്രപതി ഭവനിലേക്ക് പോയെങ്കിലും പത്ത് പേർക്ക് മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്. ലീഗിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേര് അവസാനമായി ഉൾപ്പെടുത്തിയതെന്ന് പാർട്ടിയിലെ ചില നേതാക്കൾ സംശയിക്കുന്നതായാണ് റിപ്പോർട്ട്. രാംലീല മൈതാനിയിൽ നടന്ന ഡൽഹി ചലോ മഹാറാലിയിലും സമാനമായ അവഗണനയുണ്ടായെന്നാണ് ലീഗിന്റെ പരാതി. മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ റാലിയിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയായിരുന്നു. തങ്ങൾ വിദേശത്തായതിനാൽ പകരം പി.കെ. കുഞ്ഞാലിക്കുട്ടിയെ ഡൽഹിയിലേക്ക് അയച്ചു.
റാലിയിൽ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം ലഭിക്കുമെന്ന് ലീഗ് നേതൃത്വം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ ലീഗ് പ്രതിനിധിയെ ഒഴിവാക്കിയതിലും പാർട്ടിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലേക്ക് ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിനെ ക്ഷണിക്കാത്തതും വിവാദമായിട്ടുണ്ട്. ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സമരം നടത്തിയ അഞ്ച് വിദ്യാർഥി സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റും ഉൾപ്പെട്ടിരുന്നു. ജാമിയ മിലിയയിലെ സമരത്തിന് നേതൃത്വം നൽകിയ സംഘടനകളിലൊന്നായ എം.എസ്.എഫിനെ ഒഴിവാക്കി ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ ഉൾപ്പെടുത്തിയെന്നാണ് ലീഗ് നേതാക്കളുടെ സംശയം.



