എൻജിനില്ല, നിയന്ത്രണവുമില്ല… ആറ് കിലോമീറ്ററോളം തനിയെ നീങ്ങി തീവണ്ടിയുടെ…..

ചെന്നൈ: തമിഴ്നാട്ടിലെ ജോളാർപേട്ടയ്ക്ക് സമീപം റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ ഏഴ് കോച്ചുകൾ തനിയെ ഉരുണ്ടുനീങ്ങി. എൻജിനില്ലാതെ ഏകദേശം ആറ് കിലോമീറ്ററോളം സഞ്ചരിച്ച കോച്ചുകൾ പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റി. സംഭവത്തെ തുടർന്ന് ചെന്നൈ–ബെംഗളൂരു റെയിൽവേ ലൈനിൽ ഇന്ന് രാവിലെ ഗതാഗതം തടസ്സപ്പെട്ടു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. അറ്റകുറ്റപ്പണികൾക്കായി ജോളാർപേട്ടൈയിലെ കോച്ച് മെയിന്റനൻസ് യാർഡിൽ നിർത്തിയിട്ടിരുന്ന ഏഴ് ഒഴിഞ്ഞ കോച്ചുകളാണ് നിയന്ത്രണം വിട്ട് നീങ്ങിയത്.
എൻജിൻ ഉപയോഗിച്ച് തള്ളിനീക്കിയ കോച്ചുകൾ പിന്നീട് കൃത്യമായി ഉറപ്പിക്കുകയോ നിയന്ത്രണത്തിലാക്കുകയോ ചെയ്തിരുന്നില്ലെന്നാണ് പ്രാഥമിക സൂചന. ഇതോടെ യാർഡിന്റെ പരിധി കടന്ന കോച്ചുകൾ പാളത്തിലൂടെ പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർ അസാധാരണമായ ശബ്ദം കേട്ടതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. ഇതോടെ ബെംഗളൂരു ഭാഗത്തുനിന്ന് ജോളാർപേട്ടൈയിലേക്ക് വരികയായിരുന്ന വിവിധ ട്രെയിനുകൾ തടഞ്ഞിട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പാളം തെറ്റിയ കോച്ചുകൾ നീക്കം ചെയ്യുന്നതിനായി ഗ്യാസ് കട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് അവ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഭാഗങ്ങൾ വേർപെടുത്തി. തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെ കോച്ചുകൾ റെയിൽവേ പാളത്തിൽ നിന്ന് മാറ്റി. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോച്ചുകൾ നിയന്ത്രണം വിട്ട് നീങ്ങാനിടയായ സാഹചര്യവും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷണത്തിൽ പരിശോധിക്കും.




