ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ കലാപം

ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎൽഎമാർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ തുടർനടപടി എന്നാണ് മുന്നറിയിപ്പ്. പാർട്ടിയുടെ 41 എംഎൽഎമാരിൽ 25 പേർ യോഗം ചേർന്നു. നാഷണൽ കോൺഫറൻസ് സർക്കാർ ഉടൻ വീഴുമെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. ഒമർ അബ്ദുള്ള വിവാഹത്തിനായി ഡൽഹിയിൽ ഉള്ളപ്പോഴാണ് എംഎൽഎമാരുടെ കലാപം. നവംബർ മൂന്നിന് രാജി നൽകുമെന്ന് പാർട്ടി എംപി ആഗാ റുഹുല്ലാ മെഹ്ദി മുന്നറിയിപ്പ് നൽകി.
മന്ത്രിസഭാ വികസനത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വലിയൊരു വിമത നീക്കത്തെ നേരിടുകയാണ്. നാഷണൽ കോൺഫറൻസിലെ ഒരു കൂട്ടം എംഎൽഎമാർ വെള്ളിയാഴ്ച ദീർഘനേരം യോഗം ചേരുകയും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അന്ത്യശാസനം നൽകുകയും ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചില മന്ത്രിമാരെയും മാറ്റണമെന്നാണ് വിമത എംഎൽഎമാരുടെ പ്രധാന ആവശ്യം. ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലെ മാനദണ്ഡങ്ങളിൽ സുതാര്യതയും അവർ ആവശ്യപ്പെടുന്നു.




