ചങ്ങനാശ്ശേരിയിൽ കുടുംബത്തിലെ മൂന്ന് പേരുടെ ആത്മഹത്യ… സാമ്പത്തിക ഇടപാടുകളും ഓൺലൈൻ നിക്ഷേപങ്ങളും കേന്ദ്രീകരിച്ച്…

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. കൂടാതെ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇവർ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്ത കടബാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിൽ മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. ഇതാണ് പൊലീസിന്റെയും കുടുംബാംഗങ്ങളുടെയും സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾ അടക്കം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, എഴുതിവെച്ചതിനേക്കാൾ വലിയ സാമ്പത്തിക ബാധ്യത ഇവർക്കുണ്ടായിരുന്നോ എന്നാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്ന് പേരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നത്. മരണത്തിന് തലേദിവസം മുൻപ് വരെ ഇവർ പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ നിക്ഷേപങ്ങളോ മറ്റ് സാമ്പത്തിക ഇടപാടുകളോ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. അതേസമയം, പോസ്റ്റ്മോർട്ടം പരിശോധനയിൽ മൂവരുടെയും മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.



