മഹാരാജാസിലെ പ്രതിഷേധം ദൗർഭാഗ്യകരം… സമരത്തിന് മുന്നിൽ വഴങ്ങില്ല… മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പ്രതിഷേധമുണ്ടായത് ദൗർഭാഗ്യകരമായ സംഭവമായിരുന്നുവെന്നും വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷമായ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കവും പ്രോട്ടോക്കോളുമുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പരിപാടി കഴിഞ്ഞ് മറുപടി നൽകാമെന്ന് പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ ബഹുമാനിക്കുന്നുണ്ട്. എന്നാൽ പ്രസംഗം അവസാനിക്കുന്ന സമയത്താണ് വിദ്യാർത്ഥികൾ മുന്നോട്ടുകയറി വന്നത്. ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് തനിക്ക് തോന്നിയതെന്നും റോജി എം ജോൺ ആരോപിച്ചു.
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ശേഷമാണ് താൻ മടങ്ങിയത്. ചോദ്യം ചോദിക്കുമ്പോൾ വീട്ടിൽ പോയി ചോദിക്കാനല്ല താൻ പറഞ്ഞത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും അവകാശമുണ്ടെങ്കിലും അതിന് അതിന്റേതായ മര്യാദയുണ്ടെന്നും സമരങ്ങൾ ജനാധിപത്യ രീതിയിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നമായ ബിരുദദാന ചടങ്ങ് പ്രതിഷേധത്തിന്റെ പേരിൽ അലങ്കോലപ്പെടുത്തരുത്. ഇത്തരം പരിപാടികൾ തടസ്സപ്പെടുത്തിക്കൊണ്ടാണോ വിദ്യാർത്ഥി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് സംഘടനകൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങൾക്ക് മുന്നിൽ വഴങ്ങാനോ പിന്നോട്ടുപോകാനോ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന വേദിയിൽ ഇതുപോലെ ബാനർ ഉയർത്താൻ കഴിയുമോയെന്നും റോജി എം ജോൺ ചോദിച്ചു. അതേസമയം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തെയും മന്ത്രി വിമർശിച്ചു. അവിടെ നടന്നത് അക്രമസമരമായിരുന്നുവെന്നും അതിനോടുള്ള വിയോജിപ്പാണ് അപരിഷ്കൃത സമരം എന്ന് വിശേഷിപ്പിച്ചതിലൂടെ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കാലടി സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ നടപടി പിൻവലിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, മുൻ സർക്കാരിന്റെ കാലത്തും വിദ്യാർത്ഥികളെ 90 ദിവസവും 120 ദിവസവും സസ്പെൻഡ് ചെയ്ത് പുറത്തുനിർത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്ന് അതിനെ ന്യായീകരിച്ചവർ ഇപ്പോൾ എന്തുകൊണ്ട് ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. സസ്പെൻഷൻ പിൻവലിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് സർവകലാശാലയാണെന്നും മന്ത്രി വ്യക്തമാക്കി.



