ബൈക്കിന് സൈഡ് കൊടുക്കാത്തതിൽ വിരോധം….ഡിപ്പോയിൽ കയറി കെഎസ്ആർടിസി ബസ്സിന്‍റെ ചില്ല് തകർത്തയാൾ….

പത്തനംതിട്ട : യുവാക്കൾ സഞ്ചരിച്ച ബൈക്കിന് കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ പ്രതികാരം. രാത്രിയിൽ റാന്നി കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ളിൽ കയറി ഒരു കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ കണ്ണാടി കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടി. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ റാന്നി പൊലീസ് പിടികൂടിയത്. റാന്നി സ്വദേശി നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്.

സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ആണ് റാന്നി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് പ്രാഥമികമായി യാതൊരു സൂചനയും ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. നിരവധി സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടർന്ന് സംഭവ ദിവസം കെ എസ് ആർ ടി സി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ്, ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു.

Related Articles

Back to top button