ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കളർകോട് ക്ഷേത്രക്കുളത്തിൽ (താനാകുളം) കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളർകോട് വാര്യത്തുവെളി വീട്ടിൽ പരേതനായ ബാബുവിന്റെ മകനായ ബിനു (28) ആണ് മരണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു.
മേസ്തരി ജോലി ചെയ്യുന്ന ബിനുവിനെ ജോലി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകുന്നേരം 3.30-ന് കളർകോട് താനാകുളത്തിൽ കുളിക്കാനെത്തിയ ശേഷം നീന്തുന്നതിനിടെയാണ് കാണാതായത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനാ ആലപ്പുഴ നിലയത്തിൽ നിന്നും സ്കൂബാ സംഘമെത്തി പരിശോധിച്ചെങ്കിലും സന്ധ്യയോടെ വെളിച്ചം മങ്ങിയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടിവന്നു.
ചൊവ്വാഴ്ച രാവിലെ മുതൽ വീണ്ടും സ്കൂബാ സംഘം പരിശോധിക്കുമ്പോഴാണ് എട്ടോടെ കുളത്തിനു വടക്കുവശത്തെ ഓവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വലിയ ചുടുകാട്ടിൽ സംസ്കരിച്ചു. മാതാവ്: ജയന്തി. സഹോദരങ്ങൾ: മനു, ശ്രീക്കുട്ടി.
മറ്റൊരു സംഭവത്തിൽ ഊർക്കടവ് പാലത്തിനടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ പെരുവയൽ മുണ്ടക്കൽ സ്വദേശി സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപം പുഴയുടെ നടുവിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സുധീഷ് പുഴയിൽ അപകടത്തിൽപ്പെട്ടത്.
വ്യാപകമായ തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്.ഏറെ ചുഴികളും ശക്തമായ അടിയൊഴുക്കുമുള്ള പ്രദേശമായതിനാൽ ഊർക്കടവ് പാലത്തിന് സമീപം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ വിവിധ സേനാവിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. പൊലീസ്, ഫയർഫോഴ്സ്, ഡിങ്കി ബോട്ട് സംഘം, ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. പുഴയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ സുധീഷിനെ കണ്ടെത്താനായില്ല.



