കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം… രണ്ടിടങ്ങളിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു…

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലായി സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. റേഞ്ച് ഓഫീസിന് സമീപവും, അവിടെ നിന്നും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രിയോടെ ബോംബ് സ്ഫോടനങ്ങൾ ഉണ്ടായത്. ശക്തമായ ശബ്ദം കേട്ടതിനെ തുടർന്ന് പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തി പരിശോധന നടത്തിയത്. സ്ഫോടനം നടന്ന രണ്ടിടങ്ങളിലും സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്. എങ്കിലും കണ്ണവം ജംഗ്ഷനിലെ ലഭ്യമായ പരമാവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് നിരീക്ഷണവും പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.



