ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് ഷർട്ടുമായി മുങ്ങി… സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ…

കണ്ണൂർ: കണ്ണൂർ ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ കടന്നുകളഞ്ഞ യുവാവ് ഒടുവിൽ പിടിയിൽ. പുറത്തു കാറിലിരിക്കുന്ന ഭാര്യയെ കാണിക്കാനെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കടയിൽ നിന്ന് ഷർട്ടുമായി മുങ്ങിയത്. ആലക്കോടുള്ള ‘ഓർമ്മ ഫാബ്രിക്സ്’ എന്ന കടയിലാണ് ഈ വിചിത്ര സംഭവം നടന്നത്.
ഗിഫ്റ്റ് കൊടുക്കാനായി രണ്ട് ഷർട്ടുകൾ വേണമെന്നും പറഞ്ഞ് കടയിലെത്തിയ യുവാവ്, തിരഞ്ഞെടുത്തെടുത്ത ഷർട്ടുകൾ കവറിലാക്കി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ തൊട്ടപ്പുറത്ത് കാറിലിരിപ്പുണ്ടെന്നും, ഒന്നു കാണിച്ച് അഭിപ്രായം ചോദിച്ച ശേഷം പണം നൽകി കൊണ്ടുപോകാമെന്നും ഉടമയോട് വിശ്വസിപ്പിച്ചു. കവറിലാക്കി കൊടുത്ത ഉടൻ തന്നെ യുവാവ് ഷർട്ടുമായി സ്ഥലം വിടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ട വിവരം കടയുടമയ്ക്ക് മനസ്സിലായത്. തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങൾ ആലക്കോട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ കണ്ട ഒരാൾ യുവാവിനെ തിരിച്ചറിഞ്ഞതോടെ വിവരങ്ങൾ ലഭിച്ചു. പിന്നാലെ കടയുടമ ഇയാളുടെ വീട്ടിലെത്തുകയും, സംഭവമറിഞ്ഞ യുവാവിന്റെ അമ്മ ഉടൻ തന്നെ കടയിലെത്തി ഷർട്ടിനുള്ള പണം നൽകി പ്രശ്നം പരിഹരിക്കുകയുമായിരുന്നു.



