ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ല… ഉടമയ്ക്കും പാപ്പാനുമെതിരെ…

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്ത് ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന പരാതിയിൽ ഉടമയ്ക്കും പാപ്പാനുമെതിരെ കേസെടുത്തു. എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥൻ, പാപ്പാൻ എന്നിവർക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം എകരൂലിലെ വീട്ടിലെത്തി ആനയെ പരിശോധിക്കുകയും രക്ത സാംപിൾ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് അയക്കുകയും ചെയ്തിരുന്നു.

പരിശോധനാ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും, രജിസ്റ്ററിൽ നിർദ്ദേശിച്ചിട്ടുള്ള ഭക്ഷണം നൽകുന്നില്ലെന്നും വ്യക്തമായി. ഇത് ആനയെ കടുത്ത ക്ഷീണത്തിലേക്ക് നയിച്ചതായി സ്ഥിരീകരിച്ചതോടെയാണ് വനം വകുപ്പ് കർശന നടപടികളിലേക്ക് കടന്നത്. പരിശോധനയിൽ ആനയുടെ കാലുകളിൽ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, രോഗാവസ്ഥയിലും ആനയെ തടിപിടിത്തത്തിന് കൊണ്ടുപോയതായും ആക്ഷേപമുണ്ട്. നിലവിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും നേരിട്ടുള്ള പരിപാലനത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ അറിയിച്ചു. അതേസമയം, ക്ഷീണത്തെ തുടർന്ന് ആന തൃശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നാണ് ഉടമ സി.പി. സത്യനാഥന്റെ വിശദീകരണം. കഴിഞ്ഞ തൃശൂർ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും, സമീപകാലത്തൊന്നും തടിയെടുപ്പിനോ മറ്റു ഭാരമുള്ള ജോലികൾക്കോ ആനയെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button