‘മൊഴി നൽകിയിട്ടില്ല, രേഖപ്പെടുത്തിയത് വ്യാജം’… വീണാ ജോർജ് കേസിൽ പുതിയ വെളിപ്പെടുത്തൽ

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ അന്വേഷണസംഘം തന്റെ പേരിൽ രേഖപ്പെടുത്തിയത് വ്യാജമൊഴിയാണെന്ന് വനിതാ എസ്.ഐ. ദീപ്തി. കേസിൽ ഇതുവരെ താൻ മൊഴി നൽകിയിട്ടില്ലെന്നും നിലവിൽ അന്വേഷണസംഘത്തിന്റെ പക്കലുള്ള മൊഴി പൂർണമായും വ്യാജമാണെന്നും മുൻ കണ്ണൂർ ടൗൺ എസ്.ഐ. പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) അറിയിച്ചതായാണ് റിപ്പോർട്ട്.
റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. ആക്രമണത്തിനിടെ മുൻ മന്ത്രി തെറിച്ചുവീണെന്ന തരത്തിൽ തന്റെ പേരിൽ കള്ളമൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി അറിയിച്ചതെന്നാണ് വിവരം. സംഭവസമയത്ത് ദീപ്തി മുൻ മന്ത്രിയുടെ സമീപത്തുണ്ടായിരുന്നുവെന്ന് റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ ഗൺമാൻ അഭിലാഷും എസ്.ഐ.ടി.ക്ക് മൊഴി നൽകിയിരുന്നു. ആയുധമുപയോഗിച്ച് ആക്രമണം നടന്നതായി താൻ ആദ്യം മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ടാണെന്നും ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഗൺമാൻ ഇപ്പോൾ അറിയിച്ചതെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർ മുൻമന്ത്രിയെ വധിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകിയതായി വിവരമുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മുൻമന്ത്രിയെ അടിക്കുന്നതോ ആയുധമുപയോഗിച്ച് ആക്രമിക്കുന്നതോ കണ്ടിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. കെ.എസ്.യു.
പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലെത്തി വീണാ ജോർജിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മൊഴിയിൽ വധശ്രമം നടന്നതായി പറഞ്ഞിട്ടില്ലെന്നാണ് വിവരം. 2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. അഞ്ച് പ്രവർത്തകർ മുൻമന്ത്രിയെ ആക്രമിച്ചെന്നായിരുന്നു റെയിൽവേ പോലീസിന്റെ എഫ്.ഐ.ആർ. കഴുത്തിന് ആയുധമുപയോഗിച്ച് ആക്രമിച്ചതായും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും ആരോപിച്ചായിരുന്നു കേസ്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ബിതുൽ ബാലൻ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, അഹമ്മദ് യാസീൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്. അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രവർത്തകർ രണ്ടാഴ്ചത്തെ റിമാൻഡിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ഒഴിവാക്കിയിരുന്നു.



