പ്രിയദർശിനിക്ക് പുറമേ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ‘വിജ്ഞാന ദർശിനി’യുമായി കെഎസ്ആർടിസി

സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്. സാംസ്‌കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വിനോദത്തോടൊപ്പം വിദ്യാർഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർഥികൾക്ക് ഒരേസമയം യാത്ര ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.

Related Articles

Back to top button