വിഴിഞ്ഞത്തിന് വീണ്ടും കുരുക്ക്.. നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് തിരിച്ചടിയായി തീരദേശ പരിപാലന അതോറിറ്റിയുടെ സത്യവാങ്മൂലം. വിഴിഞ്ഞം മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പുളിങ്കുടിയിലെ നിർമാണം പദ്ധതിയുടെ ഭാഗമല്ലെന്നും പ്രദേശത്ത് നിർമാണത്തിന് പരിസ്ഥിതി അനുമതിയില്ലെന്നുമുള്ള സത്യവാങ്മൂലമാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇതോടെ വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് ഉത്തരവിട്ട കോടതി, റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ തീരത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും നിർദേശിച്ചു.

പ്രദേശവാസി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് തീരദേശ പരിപാലന അതോറിറ്റിയുടെ ചുമതലയുള്ള കെ. ഗോപാലകൃഷ്ണൻ ഐഎഎസ് സത്യവാങ്മൂലം സമർപ്പിച്ചത്. പുളിങ്കുടിയിലെ നിർമാണം വിഴിഞ്ഞം മാസ്റ്റർ പ്ലാനിന്റെ ഭാഗമായിരിക്കെ പദ്ധതിയുടെ ഭാഗമല്ലെന്ന നിലപാട് സ്വീകരിച്ചത് വിവാദമായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ടം 2028 ഡിസംബറോടെ പൂർത്തിയാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കോടതി ഉത്തരവ് നിർമാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തിലെ പിഴവ് തിരുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്. പുളിങ്കുടി മുതൽ തീരം കവർന്നെടുക്കുന്ന രീതിയിൽ 20 കിലോമീറ്റർ ദൂരത്തിൽ നിർമാണം നടക്കുന്നുവെന്നാണ് പ്രദേശവാസിയുടെ ഹർജിയിലെ ആരോപണം.

വിഷയത്തിൽ വിദഗ്ധസംഘം പരിശോധന നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. നിർമാണം നിർത്തിവെക്കേണ്ടി വന്നത് പദ്ധതിയുടെ കരാറുകാരായ അദാനി ഗ്രൂപ്പിനും തിരിച്ചടിയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനാ റിപ്പോർട്ടും തുടർ കോടതി നടപടികളും വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ പുരോഗതിയിൽ നിർണായകമാകും.

Related Articles

Back to top button