കോവളം സ്പാ പീഡനം…. സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ സ്പാകളിൽ നേരിട്ടെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസം തന്നെ പത്തിലധികം ആളുകൾ ചേർന്ന് പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോവളത്തെ ഡ്രീംസ് സ്പാ, ആയൂർ കേരള സ്പാ ഉൾപ്പെടെയുള്ള മൂന്നിടങ്ങളിലാണ് പരിശോധന നടത്തുന്നത്. കേസിൽ റിമാൻഡിലുള്ള സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്. കമ്മീഷൻ വ്യവസ്ഥയിലാണ് ഇവർ പെൺകുട്ടിയെ വിവിധ സ്പാകളിൽ കാഴ്ചവെച്ചിരുന്നത്. ഓരോ ചൂഷണത്തിനും ഇവർ കമ്മീഷൻ വാങ്ങിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ ഒട്ടേറെ പൊള്ളലേറ്റ പാടുകളുണ്ട്. ചെന്നൈയിൽ പെൺകുട്ടിയെ എത്തിച്ചില്ലെന്നാണ് പ്രതികളുടെ മൊഴിയെങ്കിലും, അന്നേദിവസം ഇവർ അവിടെയുണ്ടായിരുന്നതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട് (JJ Act), പോക്സോ (POCSO), ബലാത്സംഗം തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോവളം പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button