ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടി?..

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിൻറെ പേരിൽ കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക. കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക സവിത സിങ് അറ്റോർണി ജനറലിന് കത്ത് നൽകി. വിവാദ എക്സ് പോസ്റ്റിൻറെ പേരിൽ നേരത്തെ കെ പി സി സിക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകയുടെ നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൻറെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിൻറെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിൻറെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു.



