ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം; മോഷ്‌ടാവിനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥനെ…

മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം. മോഷ്‌ടാവിനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥനെ കമ്പിപ്പാരയ്‌ക്ക് തലയ്‌ക്കടിക്കാൻ ശ്രമവും നടന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മലയിൻകീഴ് ആൽത്തറ ഭഗവതി ക്ഷേത്രം, വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. കൂടാതെ മുരുകേശൻ എന്നയാളുടെ വീട്ടിലും കള്ളൻ കയറി.
ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്‌ടിച്ചിട്ടുണ്ട്. ശേഷം മറ്റ് ക്ഷേത്രങ്ങളിലും മോഷ്‌ടിക്കാൻ ശ്രമം നടത്തിയ ശേഷം മോഷ്‌ടാവ് മുരുകേശന്റെ വീട്ടിലെത്തി. ശബ്‌ദം കേട്ട് മോഷ്‌ടാവിനെ പിടികൂടാൻ ശ്രമിച്ച മുരുകേശനെ കമ്പിപ്പാരകൊണ്ട് തലയ്‌ക്കടിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാലാണ് മുരുകേശൻ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ അധികൃതർ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.



