കാൻസർ ചികിത്സാ ചെലവിൽ വൻ ആശ്വാസം.. നവംബർ ഒമ്പത് മുതൽ..

കാൻസർ ചികിത്സയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി പരിമിതപ്പെടുത്തി. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് (എൻപിപിഎ) ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. കാൻസർ ചികിത്സയ്ക്കിടെ മരുന്നുകൾക്കായി ചെലവഴിക്കേണ്ടിവരുന്ന ഉയർന്ന തുക പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ചികിത്സാ മരുന്നുകൾ കൂടുതൽ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ ഇടപെടൽ.
രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കൽ രംഗത്തെ വിദഗ്ധരും ഉൾപ്പെട്ട സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ വ്യാപാര ലാഭത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ നിയന്ത്രണം നടപ്പാകുന്നതോടെ പ്രധാന കാൻസർ മരുന്നുകളുടെ ചില്ലറ വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പരിഷ്കരിച്ച വില നവംബർ ഒമ്പത് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.
പുതിയ നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ മരുന്ന് നിർമാതാക്കൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാർമസികളും വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും പുതുക്കിയ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
മരുന്നുകൾ വാങ്ങുന്നവർക്ക് പുതുക്കിയ വില നേരിട്ട് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എൻപിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മരുന്നുകളുടെ പുതിയ നിരക്കുകൾ അറിയാനാകും. ഇതുവഴി ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ഈടാക്കുന്ന വില സർക്കാർ നിശ്ചയിച്ച നിയന്ത്രണങ്ങൾക്ക് അനുസൃതമാണോയെന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാം.



