കേരളത്തിൽ പത്തുവർഷത്തിനിടെ ജീവനൊടുക്കിയത് 96,809 പേർ; ഞെട്ടിക്കുന്ന കണക്കിൽ മുന്നിൽ..

കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ. 2016 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 96,809 പേർ ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഓരോ വർഷവും ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുന്നുവെന്ന യാഥാർഥ്യത്തിനൊപ്പം മാനസികാരോഗ്യ സംരക്ഷണത്തിന്റെയും പ്രതിസന്ധിഘട്ടങ്ങളിൽ സമയോചിതമായ പിന്തുണ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം കൂടി വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ച് മരിച്ചവരിൽ 75,689 പേർ പുരുഷന്മാരാണ്. സ്ത്രീകൾ 21,109 പേരും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 11 പേരുമാണ്. 2015ൽ സംസ്ഥാനത്ത് 7,598 പേർ ആത്മഹത്യ ചെയ്തപ്പോൾ 2025ൽ ഇത് 10,480 ആയി ഉയർന്നു. പത്തുവർഷത്തിനിടെ വാർഷിക ആത്മഹത്യകളുടെ എണ്ണത്തിലുണ്ടായ വർധന ഗൗരവമായ സാമൂഹിക, ആരോഗ്യ ഇടപെടലുകളുടെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.
പ്രായാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 50 വയസ്സിന് മുകളിലുള്ളവരിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിൽ 46,586 പേരാണ് മരിച്ചത്. 30നും 50നും ഇടയിൽ പ്രായമുള്ള 30,547 പേരും 18നും 30നും ഇടയിലുള്ള 16,604 പേരും ഇക്കാലയളവിൽ ആത്മഹത്യ ചെയ്തു. 18 വയസ്സിൽ താഴെയുള്ള 3,072 പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.



