തീർഥാടകർ സഞ്ചരിച്ച ബസ് ഓടയിലേക്ക് മറിഞ്ഞ് 8 മരണം…

ജയ്പൂർ: ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിൽ ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384ന് സമീപം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡിൽനിന്ന് തെന്നിമാറിയ ബസ് 15 അടി താഴ്ചയുള്ള ഡ്രെയിനേജ് ഓടയിലേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടൻ പ്രദേശവാസികളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസ്സമായി. പിന്നീട് ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രികൾ സന്ദർശിച്ച് പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




