എംഎൽഎയുടെ ഡ്രൈവറായി മന്ത്രിയുടെ സ്റ്റാഫ് അംഗം… പാർട്ടിക്ക് നിയന്ത്രണം വേണമെന്ന്…

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎൽഎയ്ക്കുവേണ്ടിയാണെന്ന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുരേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. നിയമസഭയിലടക്കം രമ്യ ഹരിദാസിനെ കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്തത് സുരേഷ് കുമാറാണെന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരനായ അശ്വന്ത് എംഎൽഎ ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും ആരോപണമുണ്ട്. സംഭവത്തിൽ രമ്യ ഹരിദാസിനെതിരെ ജനവികാരം ശക്തമാകുന്ന സാഹചര്യത്തിൽ എംഎൽഎയുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് നിയന്ത്രണം വേണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം. ജില്ലാ നേതാക്കളെയും പ്രാദേശിക നേതാക്കളെയും എംഎൽഎ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കെപിസിസിക്കും പരാതി നൽകിയിരുന്നു. ഇതോടെ ചിറയിൻകീഴ് കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗം വിമൽ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. എന്നാൽ എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഒത്തുപോകാൻ കഴിയാത്ത സാഹചര്യവുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കവും കോൺഗ്രസിനുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ ശക്തമാകുകയാണ്.



