വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സമസ്ത

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കാന്തപുരം വിഭാഗം സമസ്ത. സർക്കാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. പുതിയ വഖഫ് ബോർഡിൽ ഇരു സമസ്തകളിൽ നിന്നും പ്രതിനിധികളില്ലാത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളാണെന്നാണ് റഹ്മത്തുള്ള സഖാഫിയുടെ വാദം. എന്നിട്ടും പുതിയ ബോർഡിൽ ഇരു സമസ്തകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു സമസ്തകളുടെയും നേതൃത്വത്തിൽ ഇരുപതിനായിരത്തിലധികം മദ്രസകളും ആയിരത്തോളം ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളെ വഖഫ് ബോർഡ് പുനഃസംഘടനയിൽ പരിഗണിക്കാത്തത് അനീതിയാണെന്നും റഹ്മത്തുള്ള സഖാഫി ആരോപിച്ചു.



