മാവേലിക്കരയിൽ നിർത്തിയിട്ട ബസ്സിന് പിന്നിലേക്ക് ബസ് ഇടിച്ചുകയറി അപകടം… 21കാരൻ ഡ്രൈവർ ബസ്സ് ഓടിച്ചത് അമിതവേഗത്തിൽ….

മാവേലിക്കര: പന്തളം മാവേലിക്കര റൂട്ടിൽ കരയംവട്ടം ജില്ലാ ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. മാവേലിക്കര ഭാഗത്തേക്ക് വന്ന മുത്തപ്പൻ എന്ന സ്വകാര്യ ബസ്, സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സമയത്താണ് പിന്നാലെ വന്ന അനിഴം ബസ് ഇടിച്ചുകയറ്റിയത്. അപകടത്തിൽ അനിഴം ബസ്സിന് മുന്നിലിരുന്ന് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് പരിക്കേറ്റു.

അനിഴം ബസ്സിന്റെ ഡ്രൈവർ അമിത വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പന്തളം മുതൽ ഇയാൾ അപകടകരമായ അവസ്ഥയിലാണ് വാഹനം ഓടിച്ചത് എന്ന് ആരോപിച്ച് വണ്ടിയിലെ യാത്രക്കാർ ഇയാളെ മർദ്ദിക്കാനായി പിടിച്ചെങ്കിലും, ഈ സമയം സ്ഥലത്തെത്തിയ എൻഫോഴ്സ്മെന്റ് എം. വി.ഐ ശ്രീജിത്ത് ഇയാളെ കസ്റ്റഡിയിലെടുത്ത് മാവേലിക്കര പോലീസിന് കൈമാറി. 21കാരനായ ജിഷ്ണു മോഹൻ എന്ന യുവാവാണ് ബസ് ഓടിച്ചിരുന്നത്. ഇയാൾ, അപകട സമയത്ത് യൂണിഫോമും ധരിച്ചിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button