സപ്ലൈകോ വഴി കുടുംബങ്ങൾക്ക് മാസം 700 രൂപ വരെ ലാഭം… പഠന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സപ്ലൈകോ വഴി സാധനങ്ങൾ വാങ്ങുന്നതിലൂടെ ഒരു സാധാരണ കുടുംബത്തിന് പ്രതിമാസം 400 രൂപ മുതൽ 700 രൂപ വരെ ലാഭിക്കാനാകുമെന്ന് പഠന റിപ്പോർട്ട്. വിപണിവിലയേക്കാൾ 20 മുതൽ 40 ശതമാനം വരെ കുറഞ്ഞ നിരക്കിൽ അവശ്യസാധനങ്ങൾ ലഭിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ‘സപ്ലൈകോയും ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. സംസ്ഥാനത്തെ നെൽക്കർഷകരിൽ 36.1 ശതമാനം പേരും 61–70 പ്രായവിഭാഗത്തിലുള്ളവരാണ്.
യുവകർഷകരുടെ എണ്ണം വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 45.3 ശതമാനം കർഷകരും പത്താം ക്ലാസിൽ താഴെയാണ് വിദ്യാഭ്യാസം നേടിയിട്ടുള്ളത്. നെൽക്കർഷകരിൽ 74 ശതമാനം പേരും ഒന്ന് മുതൽ നാല് ഏക്കർ വരെ കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷകരാണ്. 66.8 ശതമാനം പേർ നെൽക്കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോൾ 33.2 ശതമാനം പേർ മറ്റ് വരുമാനമാർഗങ്ങളും തേടുന്നുണ്ട്. ദാരിദ്ര്യനിർമാർജനം, വിശപ്പുരഹിത ലോകം, മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും, അസമത്വം കുറയ്ക്കൽ എന്നീ നാല് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സപ്ലൈകോയുടെ സംഭാവനകളാണ് പഠനം വിലയിരുത്തിയത്. തിരുവനന്തപുരം ജില്ലയിലെ 1,380 കുടുംബങ്ങൾ, പാലക്കാട് ജില്ലയിലെ 317 കർഷകർ, സപ്ലൈകോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 29 വ്യാപാരികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കമ്യൂണിക്കേഷൻ മന്ത്ര എന്ന ഏജൻസിയാണ് സപ്ലൈകോയ്ക്കുവേണ്ടി പഠനം നടത്തിയത്.




