വിവരങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് ഒളിച്ചുകളിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ…

രാജ്യത്ത് വിവരാവകാശ നിയമം (RTI Act) പ്രാബല്യത്തിൽ വന്നിട്ട് ഇന്ന് ഇരുപത്തിയൊന്ന് വർഷം തികയുന്നു. 2005 ഒക്ടോബർ 12ന് നിലവിൽ വന്ന ഈ വിപ്ലവകരമായ നിയമത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ, അഴിമതിയും വിവരങ്ങൾ രഹസ്യമാക്കിവെക്കലും നടക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട സംസ്ഥാന വിവരാവകാശ കമ്മീഷൻ തന്നെ ചട്ടങ്ങൾ ലംഘിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരാവകാശ അപേക്ഷയിലൂടെ ചോദിച്ച വിവരങ്ങളാണ് കമ്മീഷൻ തന്നെ നിഷേധിച്ചത്. കമ്മീഷൻ അംഗങ്ങൾ, അവരുടെ ശമ്പളം, പഴയ അപ്പീലുകളുടെ കണക്കുകൾ, ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടികൾ എന്നിവയാണ് ചട്ടവിരുദ്ധമായി മറച്ചുവെച്ചത്.
കമ്മീഷൻ നൽകിയ കണക്കുകൾ പ്രകാരം തന്നെ കാര്യങ്ങൾ അതീവ ഗുരുതരമാണ്. ഇക്കൊല്ലം ആഗസ്റ്റ് 31 വരെ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 3,156 അപ്പീലുകളാണ്. കൂടാതെ 1,050 പരാതികളും തീരുമാനമാകാതെ കിടക്കുന്നു. ചെയർമാന്റെയും അംഗങ്ങളുടെയും പേരും തസ്തികയും, ശമ്പള വിവരങ്ങളും, ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടികളുടെ വിവരങ്ങളും ആവശ്യപ്പെട്ടപ്പോൾ കമ്മീഷന്റെ വെബ്‌സൈറ്റ് പരിശോധിക്കാൻ പറയുന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. കമ്മീഷണർമാർ പരിശോധിച്ചിട്ടുള്ള ആകെ അപ്പീലുകളുടെ എണ്ണം ലഭ്യമേ അല്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. വിവരാവകാശ നിയമം സെക്ഷൻ 4(1)(b) പ്രകാരം പൊതുഅധികാരികൾ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടെങ്കിലും, വിവരങ്ങൾ തേടി അപേക്ഷിക്കുമ്പോൾ “വെബ്‌സൈറ്റിൽ ലഭ്യമാണ്” എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറാൻ SPIO-യ്‌ക്ക് സാധിക്കില്ല. ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി രേഖാമൂലം നൽകേണ്ടത് അനിവാര്യമാണ്. ഈ നിയമമാണ് വിവരാവകാശ കമ്മീഷൻ നേരിട്ട് ലംഘിച്ചിരിക്കുന്നത്.




