ശബരിമലയിൽ അരവണ ക്ഷാമമുണ്ടാകില്ല… ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ അരവണ ക്ഷാമമുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമലയിൽ അരിയുടെ കുറവുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്തർക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ സന്നിധാനത്ത് ആയിരം കിലോ അരിയുണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തിക്കും. ആവശ്യത്തിന് അരി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അരവണ ക്ഷാമമുണ്ടാകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ. ജയകുമാർ പറഞ്ഞു.മറ്റന്നാൾ മുതൽ അരവണ ഉൽപാദനം ആരംഭിക്കാനാണ് തീരുമാനം. കൂടുതൽ ഭക്തർ എത്തിയാലും ആവശ്യത്തിന് അരവണ ലഭ്യമാക്കും. പത്ത് ലക്ഷത്തിൽ താഴെ അരവണ ടിന്നുകൾ ഉൽപാദിപ്പിച്ച് സ്റ്റോക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.അരവണ നിർമാണത്തിന് ആവശ്യമായ ഉണക്കലരി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡും അറിയിച്ചു. 15,000 കിലോ ഉണക്കലരി നാളെ പമ്പയിൽ എത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം അരി സന്നിധാനത്ത് എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.നവീകരണത്തിനു ശേഷം അരവണ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കി ഉൽപാദനം ഉടൻ തുടങ്ങുമെന്നും ദേവസ്വം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.




