നെടുമ്പാശ്ശേരിയിലെ കാർ അപകടം… റോഡ് സേഫ്റ്റി കമ്മീഷണറോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൈൽ മൊബൈലിൽ ചിത്രീകരിച്ചിട്ടുമുണ്ട്. താൻ മദ്യപിച്ചിരുന്നതായി സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചാണോ ഇയാൾ വാഹനം ഓടിച്ചതെന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. സംഭവത്തിൽ സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ റോഡ് സേഫ്റ്റി കമ്മീഷണറോട് അടിയന്തരമായി റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചാലുടൻ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button