ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം… കടയുടെ കവറിലെ എംബ്ലം…

കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചെന്ന കേസിൽ 41കാരൻ അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി.യെയാണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തുണിക്കടയുടെ കവറിലെ ചെറിയ എംബ്ലം തിരിച്ചറിഞ്ഞതാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തുനിന്ന് എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറിയ വിദ്യാർത്ഥിനിക്കു നേരെയാണ് അതിക്രമമുണ്ടായതെന്നാണ് പരാതി. പെൺകുട്ടിയുടെ പിന്നിൽ നിന്ന പ്രതി മോശമായി പെരുമാറിയെന്നും കുട്ടി പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ശല്യം തുടർന്നെന്നുമാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയും സംഭവത്തിന് സാക്ഷിയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് എളമക്കര പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പൊലീസിന് കൈമാറി.
സംഭവം നടന്ന ബസ് വിവിധ സ്റ്റോപ്പുകളിൽ നിർത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എളമക്കര പുതിയ റോഡ് ഭാഗത്താണ് പ്രതി ബസിൽനിന്ന് ഇറങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് പുതിയ റോഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി ഒരു തുണിക്കടയുടെ കവർ കൈവശം വെച്ചുനിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങളിൽ വളരെ ചെറുതായി മാത്രം കാണപ്പെട്ടിരുന്ന കവറിലെ എംബ്ലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വലുതാക്കി വ്യക്തത വരുത്തി. ഇതിലൂടെ കവർ ഏത് വസ്ത്രസ്ഥാപനത്തിലേതാണെന്ന് തിരിച്ചറിയാൻ സാധിച്ചു.
തുടർന്ന് വസ്ത്രസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിച്ച പൊലീസ്, പ്രതി കൗണ്ടറിൽ ബില്ലടയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്വന്തമായി ലേഡീസ് സ്റ്റിച്ചിങ് യൂണിറ്റ് നടത്തുന്ന മിറോഷിനെ പിടികൂടിയത്. എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കെ.ഒ., സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ വിബിൻ, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




