ആലപ്പുഴയിൽ ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം… 57കാരന്…

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാവനാട്ട് വീട്ടിൽ മധു (57)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടും കോടതി നിർദേശിച്ചു.
ബന്ധുവീട്ടിലെത്തിയ പ്രതി കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിക്കൊപ്പം കിടന്ന് ശരീരഭാഗങ്ങളിൽ പിടിച്ച് അതിക്രമം നടത്തിയെന്നാണ് കേസ്. ഈ സമയത്ത് അവിടെയെത്തിയ കുട്ടിയുടെ അമ്മയാണ് സംഭവം കണ്ടത്. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ പി. ചന്ദ്രബാബു, ജി. അജിത് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. എ.എസ്.ഐ ഉഷ ടി., സിവിൽ പൊലീസ് ഓഫീസർ ദീപുമോൻ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.



