പിണറായി വിജയൻ രാജിവെക്കണം… ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന്…

കോട്ടയം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ ഒരു നിമിഷം പോലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് ഷോൺ ജോർജിന്റെ പ്രതികരണം. കേസെടുത്ത് അന്വേഷണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായാണ് തന്റെ വിലയിരുത്തലെന്നും ഷോൺ ജോർജ് പറഞ്ഞു. കേസിലെ അന്വേഷണം എല്ലാ ബന്ധപ്പെട്ടവരിലേക്കും എത്തണം. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാരിന് തടസ്സമില്ലെന്നും സർക്കാർ അപ്പീൽ പോകുകയാണെങ്കിൽ അത് ഭയത്തിന്റെ സൂചനയായി കാണേണ്ടിവരുമെന്നും ഷോൺ ജോർജ് ആരോപിച്ചു. കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനും കോടതി ഉത്തരവ് തിരിച്ചടിയായിട്ടുണ്ട്. കേസിൽ തുടർനടപടികൾ എന്താകുമെന്നതിലാണ് ഇനി രാഷ്ട്രീയ ശ്രദ്ധ.



