ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രിക്ക് കുട്ടികളുടെ കത്ത്… മറുപടിയുമായി മുഖ്യമന്ത്രി

ആലക്കോട്: ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച ഉദയഗിരി പ്രത്യാശ യു.പി സ്കൂളിലെ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ മറുപടി. കുട്ടികൾ എഴുതിയ കത്തിന് സ്നേഹം നിറഞ്ഞ മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും. തന്റെ ചിരിയെക്കുറിച്ച് കുട്ടികൾ എഴുതിയ വാക്കുകൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി, കുട്ടികളുടെ പ്രധാന ആവശ്യമായ സ്മാർട്ട് ക്ലാസ് മുറികളുടെ വിഷയം ഗൗരവമായി പരിഗണിക്കുന്നതായി കത്തിൽ അറിയിച്ചു. ഇക്കാര്യം സജീവ് ജോസഫ് എംഎൽഎയുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൂൾ നേരിട്ട് സന്ദർശിച്ച് കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുമെന്നും സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു. മന്ത്രി റോജി എം. ജോൺ പ്രത്യാശ സ്കൂളിലെ പൂർവവിദ്യാർഥിയാണെന്ന് അദ്ദേഹം സ്കൂളിലെത്തിയപ്പോൾ പറഞ്ഞ കാര്യം കുട്ടികൾ കത്തിൽ ഓർമിപ്പിച്ചിരുന്നു. സ്വന്തം സ്കൂളിലെ പൂർവവിദ്യാർഥി മന്ത്രിസഭയിലെ അംഗമായതിലുള്ള കുട്ടികളുടെ അഭിമാനം തനിക്ക് മനസ്സിലാകുന്നുവെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണെന്ന് സ്കൂൾ പ്രധാനാധ്യാപിക സാലി കെ. പറഞ്ഞു. നേരിൽ കാണാമെന്ന് മുഖ്യമന്ത്രി കത്തിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനം കുട്ടികൾക്ക് വലിയ ആവേശമാകുമെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രി അയച്ച കത്തിന്റെ പൂർണരൂപം…

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ,
ലോക കത്തെഴുത്ത് ദിനത്തിൽ നിങ്ങൾ എല്ലാവരും ചേർന്ന് അയച്ച മനോഹരമായ കത്ത് ലഭിച്ചു. മനോഹരമായ കൈയ്യക്ഷരത്തിൽ, നിറയെ സ്നേഹവും നിഷ്കളങ്കമായ വാക്കുകളും നിറച്ച ആ കത്ത് വായിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ഒരു കത്ത് വായിക്കുകയായിരുന്നില്ല; പ്രിയപ്പെട്ട കുറെ കുട്ടികൾ നേരിട്ട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.’മുഖ്യമന്ത്രിയെ ഒത്തിരി ഇഷ്ടമാണ്’ എന്നും ‘സാറിന്റെ ചിരി കാണാൻ നല്ല രസമാണ്’ എന്നും നിങ്ങൾ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ അറിയാതെ എന്റെ മുഖത്തും ഒരു ചിരി വിടർന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾക്കിടയിലും കുട്ടികളുടെ ഈ സ്നേഹവും വാക്കുകളും വലിയ സന്തോഷം നൽകുന്നതാണ്. ‘ഭക്ഷണം ഒക്കെ സമയത്തിന് കഴിക്കണേ’ എന്ന് നിങ്ങൾ നൽകിയ സ്നേഹോപദേശം ഞാൻ പ്രത്യേകം ഓർത്തുവച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് ഇത്രയും കരുതലോടെ ചിന്തിക്കുന്ന കുട്ടികളുള്ളപ്പോൾ സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കാൻ എങ്ങനെ കഴിയും?റോജി എം. ജോൺ പ്രത്യാശ സ്കൂളിലെ പൂർവവിദ്യാർഥിയാണെന്ന് അദ്ദേഹം തന്നെ സ്കൂളിൽ വന്നപ്പോൾ പറഞ്ഞിരുന്ന കാര്യവും നിങ്ങൾ ഓർമിപ്പിച്ചിട്ടുണ്ട്. സ്വന്തം സ്കൂളിലെ പൂർവവിദ്യാർഥി മന്ത്രിസഭയിലെ അംഗമായതിൽ നിങ്ങൾക്കുള്ള അഭിമാനം എനിക്ക് മനസ്സിലാക്കാം. നിങ്ങൾക്കും നിങ്ങളുടെ സ്കൂളിനും അഭിമാനിക്കാവുന്ന തരത്തിൽ ഉയരങ്ങളിലെത്താൻ ഓരോരുത്തർക്കും കഴിയട്ടെ.നിങ്ങളുടെ കത്തിലെ ഒരു പ്രധാന ആവശ്യം സ്മാർട്ട് ക്ലാസ് മുറികളുടേതാണ്. നഗരത്തിലെ സ്കൂളുകളിലെ കുട്ടികൾക്ക് ലഭിക്കുന്ന ആധുനിക പഠനസൗകര്യങ്ങൾ നിങ്ങളുടെയും പഠനത്തിന് ലഭിക്കണമെന്ന നിങ്ങളുടെ ആഗ്രഹം വളരെ ന്യായമാണ്. നിങ്ങളുടെ ഈ ആവശ്യം ഗൗരവത്തോടെ കാണുന്നു. ഇതു സംബന്ധിച്ച് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി ഞാൻ സംസാരിച്ചിട്ടുണ്ട്.സ്കൂൾ സന്ദർശിച്ച് നിങ്ങളെ നേരിൽ കാണുകയും സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകുന്നതിന് ആവശ്യമായ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ മുഖത്തെ ആ സന്തോഷം നേരിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷ എനിക്കുമുണ്ട്. ലോക കത്തെഴുത്ത് ദിനത്തിൽ എനിക്ക് എഴുതിയ നിങ്ങളുടെ കത്ത് ഞാൻ സൂക്ഷിച്ചുവച്ചു. നിങ്ങളുടെ മനോഹരമായ കൈയ്യക്ഷരവും സ്നേഹം നിറഞ്ഞ വാക്കുകളും എനിക്ക് എന്നും സന്തോഷം നൽകുന്ന ഓർമയായിരിക്കും…..

Related Articles

Back to top button