ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിംഗ് വിപുലീകരിക്കുന്നു… ഇനി 400 മുറികൾ…

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്കുള്ള താമസ സൗകര്യം കൂടുതൽ എളുപ്പമാക്കാൻ ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ വരെ ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാനുള്ള ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കി. നിലവിൽ 190 മുറികൾ മാത്രമാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ശേഷിക്കുന്ന മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയായിരുന്നു അനുവദിച്ചിരുന്നത്.

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിംഗിനായി മാറ്റിവച്ച മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്. പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ കൂടി ഇനി മുതൽ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ഔദ്യോഗിക ഓൺലൈൻ റൂം ബുക്കിംഗ് വെബ്‌സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഒക്ടോബർ ഏഴ് രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും. ബുക്കിംഗിനിടെ വെബ്‌സൈറ്റിലെ തിരക്ക് കാരണം ബുക്കിംഗ് പൂർത്തിയാകാതെ അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റ് ആകുന്ന സാഹചര്യമുണ്ടായാൽ രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കാം. തീർഥാടകരുടെ സൗകര്യത്തിനായി ഏർപ്പെടുത്തിയ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

Related Articles

Back to top button