മലപ്പുറത്ത് കനത്ത ഇടിമിന്നൽ… വീടിന് വ്യാപക നാശനഷ്ടം… രണ്ടു ലക്ഷം രൂപയുടെ…

മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ വീടിന് വ്യാപക നാശനഷ്ടം. മലപ്പുറം പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിനാണ് ഇടിമിന്നലിൽ ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഞായറാഴ്ച രാത്രി 2:30 ഓടെയായിരുന്നു സംഭവം. ശക്തമായ പ്രകമ്പനത്തോടെയുണ്ടായ ഇടിമിന്നലിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വൈദ്യുതി സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയും പൂർണ്ണമായി നശിച്ചു.

ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ തുടങ്ങിയ വിലപിടിപ്പുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും ഇടിമിന്നലിൽ തകരാറിലായി. വീടിന്റെ മുകൾ നിലയിലെ ഓടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ചുമരുകളിലും സീലിങ്ങുകളിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. രാത്രി സമയത്തുണ്ടായ ശക്തമായ ഇടിമിന്നലും പ്രകമ്പനവും വീട്ടുകാരിൽ വലിയ ആശങ്ക പരത്തിയെങ്കിലും ആളപായം ഒന്നും സംഭവിച്ചിട്ടില്ല. ശക്തമായ കാറ്റും മഴയും കാരണം പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. വീടിന്റെ വൈദ്യുതി സംവിധാനവും ഗൃഹോപകരണങ്ങളും പൂർണ്ണമായും തകർന്നത് കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും തുടർനടപടികളും സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

Related Articles

Back to top button